Tuesday 1 January 2019

130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്; പുതിയ ചട്ടങ്ങളുമായ് ട്രായ്....

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്ദേശമനുസരിച്ച് രാജ്യത്തെ ഡിടിഎച്ച്, കേബിള് ടിവി ശൃംഖലകള്ക്ക് വലിയ മാറ്റം സംഭവിക്കുകയാണ്. വന്കിട ചാനല്/ഡിടിഎച്ച് കമ്പനികളില് നിന്നുള്ള ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്ക്ക് ട്രായ് പുതിയ നിരക്കുകള് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ നിരക്കില് എല്ലാ ഡിടിഎച്ച്/ കേബിള് സേവനദാതാക്കളും നിശ്ചിത നിരക്കില് ചാനലുകള് നല്കേണ്ടിവരും. ബോക്കെ പാക്കേജുകളായി നല്കുന്ന ചാനലുകളുടെ വില 19 രൂപയില് കൂടരുതെന്നാണ് ട്രായിയുടെ നിര്ദേശം. ഇനി കൂടുകയാണെങ്കില് അവ ഒരോന്നായി പ്രത്യേകം നിരക്കില് നല്കണം. സൗജന്യ ചാനലുകള് ഈ പാക്കേജില് ഉള്പ്പെടുത്താനും പാടില്ല. ഇതനുസരിച്ച് പല ചാനലുകള്ക്കും ഇതിനോടകം വില പുതുക്കിയിട്ടുണ്ട്. ട്രായിയുടെ പുതിയ നിരക്ക് അനുസരിച്ച് 130 രൂപയുടെ അടിസ്ഥാന പാക്കേജില് 100 സ്റ്റാന്റേഡ് ഡെഫനിഷന് (എസ്.ഡി) ഫ്രീ റ്റു എയര് ചാനലുകള് ഉപയോക്താവിന് ലഭിക്കും. ഇതില് 26 നിര്ബന്ധിത സര്ക്കാര് ചാനലുകള് ഒഴികെയുള്ള 74 ചാനലുകള് ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. 100 ല് കൂടുതല് എസ്ഡി ചാനലുകള് വേണമെങ്കില് അധികമായി വരുന്ന 25 ചാനലുകള്ക്ക് 20 രൂപ അധികമായി നല്കേണ്ടി വരും.

ഒരു എച്ച്ഡി ചാനല് രണ്ട് എസ്ഡി ചാനലുകള്ക്ക് തുല്യം

ട്രായിയുടെ നിര്ദേശം അനുസരിച്ച് ഒരു എച്ച്ഡി ചാനല് രണ്ട് എസ്ഡി ചാനലുകള്ക്ക് തുല്യമാണ്. അതായത് അടിസ്ഥാന പാക്കേജില് 100 എസ്ഡി ചാനലുകള്ക്ക് പകരം 50 എച്ച്ഡി ചാനലുകള് നിങ്ങള്ക്ക് ലഭിക്കും (ഉദാഹരണം മാത്രം).

പേ ചാനലുകള്ക്ക് അധിക തുക

പേ ചാനലുകള്ക്ക് അധിക തുക നല്കണം. ഉദാഹരണത്തിന് അടിസ്ഥാന വിലയില് വരുന്ന 100 ചാനലുകള്ക്ക് പുറത്താണ് പേ ചാനലുകള് വരുന്നത്. എഷ്യാനെറ്റ് പോലുള്ള ചാനലുകള് ഉദാഹരണമായി പറയാം. അങ്ങനെയുള്ള ഒരോ ചാനലും പ്രത്യേകം കാശുകൊടുത്ത് പാക്കേജിനൊപ്പം ചേര്ക്കണം. 130 രൂപയ്ക്ക് പുറമെ വരുന്ന തുകയാണത്. അധികമായി ചേര്ക്കേണ്ടത് ഒരു ചാനല് മാത്രമാണെങ്കില് പോലും ഉപയോക്താവിന് അത് സാധിക്കും. ഇഷ്ടമില്ലാത്തതും ആവശ്യമില്ലാത്തതുമായ ചാനലുകള് ഉപയോക്താക്കള് മേല് അടിച്ചേല്പ്പിക്കുന്ന രീതി ഇതോടെ അവസാനിക്കും.

ഡിസംബര് 31 മുതല് ഈ എടിഎം കാര്ഡുകള് പ്രവര്ത്തിക്കില്ല!

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്ഡുകള്ക്ക് നിരോധനം ഏര്പ്പെടത്തുന്നു. മാഗ്നെറ്റിക് സ്ട്രെപ് എടിംഎം കാര്ഡുകള്ക്കാണ് ജനുവരി ഒന്നുമുതല് നിരോധനം. ഡിസംബര് 31മുതല് ഇത്തരം കാര്ഡുകള് പ്രവര്ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്കാര്ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന് അധിഷഠിത എടിഎം കാര്ഡുകള് മാത്രമേ 2019 ജനുവരി മുതല് പ്രവര്ത്തിക്കുകയുള്ളു.

അതേസമയം നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാര്ഡുകള്ക്ക് പകരം ചിപ്പുള്ള കാര്ഡുകള് സൗജന്യമായി ഉപഭോക്താക്കള്ക്ക് നല്കാന് റിസര്വ് ബാങ്ക് നേരത്തെ നിര്ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള് പഴയ എടിഎം കാര്ഡുകള്ക്ക് പകരം ചിപ്പുള്ള പുതിയ കാര്ഡുകള് നല്കിയിട്ടുമുണ്ട്.

രാജ്യത്ത് ഡെബിറ്റ് കാര്ഡുകല് ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല് സുരക്ഷിതമായ ചിപ്പ് കാര്ഡുകള് ഉപഭോക്താക്കള്ക്ക് നല്കാന് ബാങ്കുകള് തയാറാകുന്നത്. ഉപഭോക്താവിന്റെ വിവരങ്ങള് സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര് ചിപ്പാണ് ഇത്തരം കാര്ഡുകളില് അടങ്ങിയിരിക്കുന്നത്.

വൈദ്യുതിയും ഇനി റീചാര്ജ് ചെയ്ത് ഉപയോഗിക്കാം; പുതിയ മീറ്റര് വരുന്നു...

2019 മുതല് പുതിയ വൈദ്യുത മീറ്ററുകള് വരുന്നു. അടുത്ത വര്ഷം ഏപ്രില് ഒന്നു മുതല് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് വൈദ്യുത മീറ്ററുകള് ഏര്പ്പെടുത്താനാണ് ശ്രമം. ഇത്തരം മീറ്ററുകള് സ്ഥാപിക്കുന്നതോടെ വൈദ്യുതിയുടെ അമിതോപയോഗത്തിന് ഒരു പരിധി വരെ തടയിടാന് സാധിക്കുമെന്നാണ് കരുതുന്നത്.

പ്രീ പെയ്ഡ് മീറ്ററുകള് സ്ഥാപിക്കുന്നതുവഴി മൊബൈല് ഫോണുകള് റീചാര്ജ് ചെയ്യന്നതുപോലെ പ്രീ പെയ്ഡ് മീറ്ററുകളും റീചാര്ജ് ചെയ്യാന് സാധിക്കും. ഇതുപ്രകാരം ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാര്ജ് ചെയ്യാം. റീചാര്ജ് തുകയ്ക്ക് അനുസരിച്ചായിരിക്കും വൈദ്യുതി ഉപയോഗിക്കാന് സാധിക്കുക. റീചാര്ജ് തുക തീര്ന്നാല് വൈദ്യുതി നിലയ്ക്കും. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില് ഉപഭോക്താവിന് നല്കുന്ന കാര്ഡ് റീചാര്ജ് ചെയ്യേണ്ടിവരും.

ഓരോ ദിവസത്തെ വൈദ്യുത ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കള്ക്ക് കൃത്യമായ റിപ്പോര്ട്ടുകളും നല്കും. റീചാര്ജ് ചെയ്ത തുക തീര്ന്നുപോകുമെന്ന ഭയത്താല് മിക്കവരും വൈദ്യുതിയുടെ ഉപയോഗം മിതപ്പെടുത്താന് സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളില് പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്.